
കണ്ണൂർ ഉരുവച്ചാലിൽ യുവാവ് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണ(39)യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ഇന്നലെ ഉച്ചയോടെയാണ് ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷ് എന്നയാൾ പ്രവീണയുടെ വീട്ടിലെത്തി യുവതിയെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്.
വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ അടുക്കളഭാഗത്തു കണ്ടെത്തിയത്. ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ജിജേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രവീണയുടെ ഭർത്താവ് അജീഷ് വിദേശത്താണ്. പ്രവീണയും ജിജേഷും പരിചയക്കാരാണെന്ന് പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായും പൊലീസ് വ്യക്തമാക്കുന്നു.











